ബേക്കൽ_കോട്ട Bakel Fort
കേരളത്തിലെ ഏറ്റവും വലുതും മികച്ചതുമായ കോട്ട !!!❤️
കാസറഗോഡ് ജില്ലയിലെ ബേക്കൽ എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കോട്ടയാണ് ബേക്കൽ കോട്ട.
കടൽത്തീരത്തുള്ള ഏകാന്തമായ ബേക്കൽ കോട്ടയിൽ നിരവധിയായ യുദ്ധക്കളങ്ങളുടെ ചരിത്രമുറങ്ങുന്നു. കേരളത്തിലെ ഏറ്റവും വലുതും സംരക്ഷിക്കപ്പെടുന്നതുമായ കോട്ടയായ ബേക്കൽ കോട്ട സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ദേശീയപാതയോട് ചേർന്നു കാസറഗോഡ് ടൗണിൽ നിന്നും പതിനാറു കിലോമീറ്റർ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 130 അടി ഉയരത്തിൽ ലാറ്ററൈറ്റ് കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ പണിതിരിക്കുന്ന കോട്ട, 35 ഏക്കർ വിസ്തൃതിയിൽ അറേബ്യൻ കടലിലേക്കെന്ന പോലെ തലയുയർത്തി നിൽക്കുന്നു. ഏതാണ്ട് മുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ കോട്ട 1650 കളിൽ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായിക് നിർമ്മിച്ചതാണെന്ന് പറയപ്പടുന്നു..
എന്നാൽ യഥാർത്ഥത്തിൽ കോലത്തിരി രാജാവു നിർമ്മിച്ചതാണെന്നും പിന്നീട് ശിവപ്പ നായിക് പിടിച്ചെടുത്തതാണ് എന്നും മറ്റൊരു തരത്തിൽ വിശ്വസിക്കപ്പെടുന്നു. എ ഡി 1763 - ൽ മൈസൂരിലെ ഹൈദർ അലിയും, പിന്നീട് ടിപ്പു സുൽത്താന്റെ ഭരണകാലത്ത് കാനറയിലെ ഹുസൂറും ഉൾപ്പടെ, ശേഷം ബ്രിട്ടീഷുകാരും കോട്ട പിടിച്ചടക്കി. ബ്രിട്ടീഷ് ഭരണകാലത്ത്, മുൻ ബേക്കൽ താലൂക്ക് തെക്കൻ കാനറ ജില്ലയുടെ ഭാഗമായിരുന്നു(ഇപ്പോഴത്തെ കാസറഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ ഉൾക്കൊള്ളുന്നത്).

വളഞ്ഞു തിരിഞ്ഞുള്ള പ്രവേശന കവാടം, ചുറ്റുമുള്ള ചുവരുകളിൽ തന്ത്രപരമായി രൂപകൽപ്പന ചെയ്ത തുരങ്കങ്ങൾ എന്നിവ പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമായി നിർമ്മിച്ചതാണ്. അകത്തളങ്ങളിൽ കൊട്ടാര സമമായ ഒരു നിർമിതിയും ഇല്ലാത്തതിനാൽ കോട്ട തീർത്തും യുദ്ധ പ്രതിരോധങ്ങൾക്കായി മാത്രം ഉപയോഗിച്ചിരുന്നു. കടൽത്തീരവും ഭൂഗർഭ തുരങ്കങ്ങളും കോട്ടയിലെ നിരീക്ഷണ ഗോപുരവും ശ്രദ്ധേയമാണ്. മഹത്തായ ഒരു ഭൂതകാലത്തിന്റെ ഓർമ്മകൾ അതിൽ പതിഞ്ഞിട്ടുണ്ട്.
ചരിത്രകാരന്മാർക്കും വിനോദസഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും നൂറ്റാണ്ടുകളായി ബേക്കൽ കോട്ട ആകർഷകമാണ്. അതി വിശാലമായ ഒരു ലാൻസ്‌കേപ്പ് തന്നെ കോട്ടയ്ക്കുള്ളിൽ പരിപാലിക്കപ്പെടുന്നു. കോട്ടയ്ക്ക് തൊട്ടുപുറത്ത് മൈസൂരിലെ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു മുസ്ലിം പള്ളി ഉണ്ട്. പ്രവേശന കവാടത്തിൽ ശ്രീ ഹനുമാന് സമർപ്പിച്ചിരിക്കുന്ന ആഞ്ജനേയ ക്ഷേത്രവും നമുക്ക് കാണുവാൻ സാധിക്കും. കോട്ടയുടെ അത്രയും തന്നെ പഴക്കം ചെന്ന ഈ ദേവാലയം അടുത്തിടെ പുതുക്കിപ്പണിയുകയും വിദൂരത്തുനിന്നും നൂറുകണക്കിന് ഭക്തരെ ആകർഷിക്കുകയും ചെയ്തു...
കോട്ടയുടെ നടുവിലായി വിശാലവും, വലിയ പടികളോട് കൂടിയ നിരീക്ഷണ ഗോപുരം കാണുവാൻ സാധിക്കും. ഇവ യെദേഷ്ടം 80 അടി ചുറ്റളവിലും 30 അടിയിലധികം ഉയരത്തിലും ഉള്ളതാണ്. ഇവിടെ നിന്നും മൂന്ന് വശങ്ങളിൽ നോക്കിയാൽ കടലിന്റെ മനോഹരമായ കാഴ്ചയും കിഴക്ക് പച്ച ഭൂപ്രകൃതിയും ആസ്വദിക്കാം.
കോട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തേക്ക് പോകുവാൻ നിരവധി ഭൂഗർഭ പാതകളുണ്ട്. അവയിൽ രണ്ടെണ്ണം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു, ഒന്ന് കോട്ടയുടെ തെക്ക് ഭാഗത്തേക്കും മറ്റൊന്ന് കിഴക്ക് ഭാഗത്തേക്കും തുറക്കുന്നു. കോട്ടയ്ക്കുള്ളിലെ ആയുധസംഭരണ ശാല പൊതുജനങ്ങൾ പ്രവേശിക്കതെ അടച്ചിട്ടിരിക്കുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ ഇത് ഉപയോഗിചിരുന്നതായി പറയപ്പെടുന്നു. കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടലും, കടൽത്തീരവും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
കിഴക്ക് കോട്ടയും പടിഞ്ഞാറ് കടലും ചേർന്ന് വരുന്ന ഭാഗത്തു മനോഹരമായ ഒരു കടൽത്തീര പാതയുണ്ട്. കോട്ടയിൽ നിന്നും ഈ ബീച്ചിന്റെ വ്യൂ അസാധ്യമായ ഭംഗിയുള്ളതാണ്. അധികം ആഴമില്ലാത്ത വെള്ളമുള്ള പല്ലിക്കരെ ബീച്ച് കോട്ടയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ്...
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആണ് ബേക്കൽ കോട്ടയും പരിസരവും ഇന്ന് സംരക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും..
B Moh'd Ashraf
Bekal Fort
Kasaragod Road, PO Bekal Fort, Beside Bekal Fort Railway Station Dist, Bekal, Kerala 671316
0467 231 0700
https://maps.app.goo.gl/t8huaU43PTYsaiDL8






No comments:
Post a Comment