പാമ്പാടുംഷോല ദേശീയോദ്യാനം🌳
പാരിസ്ഥിതിക, ജന്തു സസ്യ ശാസ്‌ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ 2003 ഡിസംബറിൽ പാമ്പാടുംഷോല ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. തെക്കൻ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ഭാഗത്ത് വട്ടവടയുടെ കാവാടത്തിലാണ് ഈ മനോഹരമായൊരിടം സ്ഥിതിചെയ്യുന്നത്.
മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെ ടോപ്സ്റ്റേഷന്റെ അടുത്തായിട്ടാണ് പാമ്പാടും ഷോല.
വർഷം മുഴുവനും മൂടൽമഞ്ഞും തെളിഞ്ഞ കാലാവസ്ഥയുമാണുള്ളത്. എന്നാൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സുഖകരമായ കാലാവസ്ഥ ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിന് ഏറ്റവും ഉചിതമായ സമയവുമാണ്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. വനത്തിനുള്ളിലെ താഴ്ന്ന പ്രദേശങ്ങളിൽ പോലും ഏറ്റവും കുറഞ്ഞ താപനില 6°C വരെ എത്തും. തമിഴ്നാട് സംസ്ഥാനത്തിന് സമീപം സ്ഥിതി ചെയ്യുന്നതിനാൽ, വടക്കു കിഴക്കൻ മൺസൂണിലും പാമ്പാടും ഷോല വനങ്ങളിൽ കനത്ത മഴ ലഭിക്കുന്നു.
വ്യത്യസ്ത ഉയരങ്ങളിലുള്ള കുന്നുകളാൽ ഈ ഭൂപ്രദേശം അതിമനോഹരമാണ്. 1600 മീറ്റർ മുതൽ 2000 മീറ്റർ വരെ ഉയരത്തിലുള്ള വനങ്ങൾ കൊണ്ട് ഹരിതാഭമാണ് പാമ്പാടുംഷോല. വിവിധതരത്തിലുള്ള സസ്യ ജന്തു ജാലങ്ങൾ ചേർന്ന വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളാൽ സമൃദ്ധമാണിവിടം. 22 ഇനം മരങ്ങളും, 74 ഇനം ചെടികളും, കുറ്റിച്ചെടികളും, 16 ഇനം വള്ളിചെടികളും ഇവയിൽപ്പെടുന്നു.
വംശനാശഭീഷണി നേരിടുന്ന, അപൂർവമായ നിരവധിയിനങ്ങളും ഇവയിലുണ്ട്.
കൂടാതെ ഏകദേശം 14 ഇനം പക്ഷികളും, 9 ഇനം സസ്തനികളും, 100 ഇനം ചിത്രശലഭങ്ങളും, 93 ഇനം പുഴുക്കളും ഈ ഷോല വനത്തിലുണ്ട്. ആന, കാട്ടുപോത്ത്, പുള്ളിപ്പുലി, കാട്ടുപന്നി, മ്ലാവ്, സാധാരണ ലങ്കൂർ എന്നിവയുടെ സാനിധ്യവും ഉദ്യാനത്തിൽ കാണാം.
തെളിഞ്ഞ നീലാകാശം, ശുദ്ധവായു, പച്ച പുൽമേടുകൾ, സസ്യ-ജന്തുജാലങ്ങൾ എന്നിവ നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ സ്വപ്ന യാത്രായിടമാണ്. വട്ടവടയിലേക്ക് പ്രകൃതി ആസ്വദിക്കാൻ പോകുന്നവർക്കേറ്റവും ഇഷ്ടമാണ് ഈ ഷോല വനം🌳
NB:- വനത്തിനുള്ളിൽക്കൂടിയാണ് വട്ടവടയിലേക്ക് പോകുന്നതിനാൽ, വന്നതിനുള്ളിൽ ഇറങ്ങുവാനോ, ഫോട്ടോ എടുക്കുവാനോ പാടുള്ളതല്ല എന്ന ശക്തമായ നിർദ്ദേശം വനപാലകർ നൽകും.

No comments:
Post a Comment