മേഘമല
മുന്നേ കുറെയേറെ കഥകൾ കേട്ടേക്കുന്നു, പലരും പറഞ്ഞ കഥകൾ മനസ്സിനെ വല്ലാണ്ടങ്ങ് കൊതിപ്പിച്ചേക്കുന്നു.. എന്തായാലും പോകാൻ തന്നെയാണ് തീരുമാനം..
#travel_vibes
#travel_with_nature
അങ്ങനെ എല്ലാം ഒത്തുവന്ന സമയം ഇത് തന്നെ..നാട്ടിലെ സഞ്ചാരികളെ പരതി ഒരു ട്രിപ്പ് ഉണ്ട് വിട്ടേക്കാം എന്ന ലൈൻ... അറിഞ്ഞപ്പോൾ എല്ലാർക്കും മനസ്സിൽ ആവേശം, വർഷങ്ങൾക്കു മുന്നേ പോയവർക്ക് പോലും ആവേശം..അങ്ങനെ ലിസ്റ്റൊക്കെ ഒരുവിധം ഒപ്പിച്ചു ബാക്കിയൊക്കെ സെറ്റ് ആക്കി. മുന്നേ വരാമെന്നു പറഞ്ഞവർ ചിലർ തക്ക സമയത്തു തേച്ചെങ്കിലും (അവർക്കു നഷ്ടം മാത്രം)അതൊന്നും കാര്യമാക്കാതെ ഞങ്ങ മുന്നോട്ടു...
Feb 01 നു രാത്രി 8.30 ന് ഞങ്ങൾ പതിമൂന്നുപേർ അടങ്ങുന്ന ടീം ഒരേ മനസ്സോടെ മേഘമലയെ സ്വപ്നം കണ്ട് യാത്രയാരംഭിച്ചു. തട്ട് ദോശയോടുള്ള പ്രണയം എന്നും അങ്ങനെ തന്നെ 😋ശേഷം കേരള അതിർത്തിയായ കുമിളിയിൽ ഇറങ്ങി നല്ല ചൂട് കട്ടൻ.. ആഹ് ഈ തണുപ്പിന് കട്ടൻ ബെസ്റ്റാ.. തണുപ്പൊക്കെ ആയിതുടങ്ങി. വീണ്ടും വണ്ടി ഉത്തമപാളയം ലക്ഷ്യമാക്കി നീങ്ങി, അവിടെ ചെറിയൊരു സ്റ്റേ ആണ് അറേഞ്ച് ചെയ്തേക്കുന്നതു. രാത്രിയുടെ യാമങ്ങളിങ്ങനെ കടന്നു പോകുമ്പോൾ ചിലരാകട്ടെ നിദ്രയിലേക്കെന്നോണം ചെറിയൊരു മയക്കം... ഏകദേശം ഒന്നര മണിയായപ്പോൾ പാതിരാക്കോഴി കൂകുന്ന നേരം ഉത്തമപാളയത്തെ sixth star inn എന്ന സ്റ്റേയിൽ എത്തിപ്പെട്ടു. പേരിൽ മാത്രം star ഉള്ള സ്റ്റേയിലെ അണ്ണന്മാരെല്ലാം നല്ല പൂക്കുറ്റി ഉറക്കം.. ഒരുക്കണക്കിൽ തട്ടിയുണർത്തി റൂമൊക്കെ സെറ്റാക്കി ക്ഷീണമങ്ങകറ്റി...
കാലത്തെ നല്ല കണിക്കൊപ്പം(ചുറ്റും പറമ്പല്ലേ🤭😀) നേരം പുലർന്നപ്പോൾ ദാ കിടക്കുന്നു, കൂടുള്ളവർ റെഡിയാകാൻ താമസിക്കും എന്നുള്ളതുറപ്പ്. രാവിലെ തന്നെ ഇറങ്ങിയില്ലെങ്കിൽ പലതും മിസ്സ് ചെയ്യുമെന്നുള്ള ഉൾബോധം ഉള്ളതിനാൽ എല്ലാരേം തട്ടിയുണർത്തി പെട്ടന്ന് റെഡിയാവണമെന്നു പറഞ്ഞു..പുലർകാല കോടമഞ്ഞൊക്കെ ചിലപ്പോൾ കിട്ടിയാലോ...ലേതു.. ലത് തന്നെ..
യാത്രയുടെ രസം ഇനിയല്ലേ,..
പതിനെട്ടു ഹെയർപിൻ വളവുകളോട് കൂടി സഞ്ചാരികളെ വരവേൽക്കാൻ കണക്കിന് ഓരോ ഹെയർപിന്നും അതീവ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നു. അതുമല്ല നല്ല സുന്ദരമായ പൂക്കളുടെ പേരുകളായ മുല്ലപ്പൂ, പിച്ചിപ്പൂ, കൂവപ്പൂ.. etc എന്നിങ്ങനെ ഓരോ ഹെയർപിനിന്നും പേരുകൾ നൽകി വിത്യസ്ഥമാക്കിയിരിക്കുന്നു. മുന്നേ പറഞ്ഞില്ലേ ഓരോ വളവുകളും അതീവ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നതോടൊപ്പം മനസ്സിന് നല്ല കുളിർമയുള്ള കാലാവസ്ഥയുമേകുന്നു. പച്ചപരവതാനി വിരിച്ച പ്രകൃതിയുടെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്നപോലെയുള്ള ഓരോ മലമടക്കുകളെയും പിന്നിലാക്കി കാഴ്ച്ചകളുടെ പറുദീസയിലേക്കു..വ്യൂ പോയിന്റുകളുടെ ചാകരയായതിനാൽ പറ്റുന്നവയൊക്കെ ഒപ്പിയെടുത്തു ഫ്രെമുകളിലാക്കി. സുന്ദരമായ തമിഴന്റെ റോഡിൽ നന്നേ തിരക്കൊന്നുമില്ല. തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ബസ് സർവീസ് ഉണ്ട് മേഘമലയിലേക്കു. ഫെബ്രുവരി മാസത്തിൽ നന്നേ കൂടുതൽ തണുപ്പ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷ അത്ര കണ്ട് ഫലവത്തായില്ല എന്ന് പറയാം, എങ്കിലും കുറവ് തന്നെ. സാധാരണ ഉച്ചവെയിലിന്റെ കാഠിന്യം നമ്മെ അലോസര പെടുത്തുമെങ്കിൽ പോലും, ഒരിത്തിരി ചൂടുപോലും നമുക്കനുഭവപെട്ടില്ല.
നല്ല വെട്ടിയൊരുക്കിയ തേയില കുന്നുകൾ സത്യത്തിൽ ഇതൊരു മൂന്നാർ ആണോ എന്ന് തോന്നിപ്പിക്കുന്നു..എങ്കിലും അതിനെയൊക്കെ തോല്പിക്കും പോലെ ചില വ്യൂസ് നമുക്ക് കിട്ടും തീർച്ച. ഇളം തെന്നൽ പോലെയുള്ള തണുപ്പിന്റെ മാസ്മരികത ഓരോരുത്തരിലുമുണ്ടാക്കുന്ന സന്തോഷം വർണനാതീതമാണ്. അത്രക്കും പ്രകൃതി അവരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ശ്രെദ്ധിച്ചുകൊണ്ടേയിരുന്നു. വിത്യസ്ത സ്വഭാവും, പ്രായവും ഒന്നുമേ തന്നെയിവിടെ യാതൊരു പ്രസക്തിയില്ല, അവരാണ് യാത്രാപ്രേമികൾ... യാത്രയെ പ്രണയിക്കുന്നവന്റെ മനസ്സിലെ ചിന്തകളെ ഒരു ശക്തിക്കും തടഞ്ഞു നിർത്തുവാനാവില്ല...അവ അത്രകണ്ട് ശക്തി പ്രാപിച്ചുകൊണ്ടേയിരിക്കും..മുഴുവൻ ഹെയർപിന്ന് വളവുകളും താണ്ടി ഹൈവേയ്സ് എന്ന ഒരു ചെറിയ ടൗണിൽ എത്തിച്ചേർന്നു..വിരലിലെണ്ണാവുന്ന ചില കടകളും ടൗൺ പഞ്ചായത്തുമാണ് ഇവിടെയുള്ളത്. അതിൽ പെട്ട ഒരു ചെറിയ ഒരു ഹോട്ടലാണ് മുരുകൻ അണ്ണന്റെ ഹോട്ടൽ. മേഘമല എന്ന സ്ഥലത്തേക്ക് വരുന്നവർക്കെന്നും ഈ മുരുകണ്ണൻ ഒരാശ്രയം തന്നെ. മുന്നേ നെറ്റിൽ നിന്നും നമ്പർ തപ്പി പെറുക്കി അണ്ണനെ കൂപ്പിട്ടെങ്കിലും വന്ത് അഡ്വാൻസ് പണ്ണിയെങ്കിൽ മാത്രം തിരികെപ്പോരുമ്പോൾ വിശപ്പടക്കി മലയിറങ്ങാം. അഡ്വാൻസ് അഞ്ഞൂറിന്റെ ഗാന്ധി യിറക്കി അതിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി..😋
മേഘമല എന്നത് ഒരു ഏരിയ ആണ്. അതിൽ മുക്കാലും ഈ ഹൈവേയ്സ് എന്നടങ്ങുന്ന ഭാഗങ്ങൾ തന്നെ.. പിന്നെ ഉള്ളത് ചില ഓഫ്‌റോഡ് ട്രെക്കിങ് ഒക്കെയാണ്.. നിരവധി പഴയ ക്രിസ്ത്യൻ പള്ളികളും, അമ്പലങ്ങളും വഴിയോരങ്ങളിൽ കാണുവാൻ സാധിക്കും. അതെല്ലാം ലെയങ്ങൾ സ്ഥാപിച്ചപ്പോൾ അതിനൊപ്പം നിർമ്മിച്ചവയാണ്, ചിലതിനൊക്കെ നൂറ്റാണ്ടുകളുടെ പഴക്കങ്ങളും..അവയൊക്കെയാ തനിമയിൽ ഇന്നും കാത്തുസൂക്ഷിക്കപ്പെടുന്നത് ജനങ്ങളിൽ നന്മയുള്ളതുകൊണ്ടുമാത്രമാണ്..
അടുത്ത ലക്ഷ്യം top end വ്യൂ പോയിന്റ് ആയ "മഹാരാജ മേട്ട്" എന്ന സ്ഥലത്തേക്കാണ്. കുറെ ചെന്നപ്പോൾ ദൈവമേ റോഡിൽ ടാർ കാണുവാൻ ഇല്ല...നുമ്മ ട്രാവലർ ഒന്ന് പകച്ചു നിന്നു.. ടാർ അല്ല റോഡ് തീർന്നതാണ്..അപ്പോഴേക്കും ജീപ്പും ടാറ്റാ സുമോയുമൊക്കെയായി അണ്ണമ്മാർ നമ്മെ അങ്ങുപൊതിഞ്ഞു.. അയ്യാ..അങ്കേക്കു പോക മുടിയാത്, റോഡ് റൊമ്പ കഷ്ടം,, എണ്ടാൽ എപ്പടി, എത്രക്ക് കൊണ്ട് പോക മുടിയുമെന്നു ഞാനും.. സുമോ വണ്ടി വാങ്ങുന്ന വിലയിൽ തെന്നി നിരങ്ങിയിറങ്ങിയെങ്കിലും ഒത്തുപോയില്ല.. ടാറ്റാ സുമോ പോകുന്ന വഴിയിൽ എന്തായാലും നുമ്മ ചെക്കൻ പിടിക്കാണ്ടിരിക്കില്ല എന്നുള്ള കമെന്റുകൾ വെളിച്ചത്തെത്തിയെങ്കിലും, കുറെ ദൂരം ഞങ്ങൾ നടന്നു റോഡിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി..അണ്ണന്മാരെ ഒരു പുച്ഛഭാവത്തിൽ നോക്കി മുത്തേ നീ വണ്ടിയിറക്കെന്നു ഡ്രൈവറോട് പറഞ്ഞു രണ്ടും കല്പ്പിച്ചു പോട്ടെ വണ്ടി മഹാരാജ മേട്ടിലേക്കു...ഏകദേശം 18km എങ്കിലും ദൂരമുണ്ടാകും അവിടേക്കു.. വീതി കുറഞ്ഞ റോഡുകൾ കൂടുതൽ വീതിയുള്ള റോഡുകളായി മാറ്റുന്ന പണികൾ തകൃതിയായി നടക്കുന്നു... അടുത്ത വർഷം വരുമ്പോൾ മിക്കവാറും സുമോ അണ്ണന്മാരുടെ പണി ഏകദേശം തീർന്നിട്ടുണ്ടാവും അത് തീർച്ച.. മണലാർ തടാകത്തിന്റെ അരികിലൂടെ കുറെ ദൂരം ഞങ്ങൾ നടന്നു, ആ നടത്തം ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ തന്നെയുള്ള കാഴ്ചകൾ തന്നെയാണ് സമ്മാനിച്ചത്.. തടാകം ഇത്തിരി വറ്റിവരണ്ടെങ്കിലും ചുറ്റിലുമുള്ള കാഴ്ചകൾക്ക് ഒരു മങ്ങൽ പോലും ഇല്ലാത്ത തരത്തിൽ മനോഹരം തന്നെ..മണലാർ റിസെർവോയറിനു കുറുകെയുള്ള മണലാർ പാലത്തിൽ കൂടി കടന്നു വേണം മഹാരാജ മേട്ടിൽ എത്താൻ..ഒരുവിധം നുമ്മ ഡ്രൈവർ ബ്രോ കഷ്ടപ്പെട്ട് ലക്ഷ്യ സ്ഥാനത്തിനിരികെ ഒന്നരകിലോമീറ്ററോളം മുന്നിലായി വാഹനം ഒതുക്കി, ബാക്കി ചെറിയൊരു ട്രെക്കിങ് ആക്കി വ്യൂ പോയിന്റിലേക്കു...വ്യൂ പോയിന്റിലേക്കുള്ള എൻട്രി ചെറിയൊരു ഫീ ഏർപെടുത്തിയിട്ടുണ്ട്, തമിഴ്നാട് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഒരാൾക്ക് ₹30 രൂപ എന്ന ക്രമത്തിൽ ആണിത്..
ഇളം വെയിലിന്റെ ചൂടേറ്റു തളിർത്ത തേയില നാമ്പുകളിൽ മേഘങ്ങൾ വന്നു മുത്തമിടുന്ന പോലെയുള്ള കാഴ്ചകൾ എത്ര സുന്ദരം.. പക്ഷെ ആ കാഴ്ചകൾ കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ലെന്നുവേണം പറയാൻ... ചിലതൊക്കെ അനുഭവിക്കണമെന്ന് പറയുന്നതൊക്കെ ഒരു കണക്കിൽ ഭാഗ്യം തന്നെയെന്നു പറയുന്നതെത്രെയോ സത്യമാണ്...കാലാവസ്ഥ വ്യെതിചലിച്ചിരിക്കുന്നതിനാൽ ആണാഭാഗ്യം നമ്മുക്കുകിട്ടാഞ്ഞത്..
പലപ്പഴും മേഘങ്ങളാലും കോടമഞ്ഞാലും പൊതിഞ്ഞു കിടക്കുന്ന ഈ വ്യൂ പോയിന്റ് ഇന്ന് ഞങ്ങൾക്കുവേണ്ടി തെളിഞ്ഞിരിക്കുന്നു.. അങ്ങ് നോക്കെത്താ ദൂരത്തു താഴ്‌വരയിൽ ചെറു ഗ്രാമങ്ങൾ അങ്ങിങ്ങു ചിന്നിച്ചിതറിയപോലെയുള്ള കാഴ്ചകൾ, ഒപ്പം നേർത്ത കുളിർക്കാറ്റും കൂടിയായാൽ... വൗ എന്താ സുഖം.. മിസ്സ് ചെയ്തവർക്കിതൊരു മിസ്സ് തന്നെയാണ് സാറെ... അവിടെ നിന്ന് എതിർദിശയിൽ നോക്കിയാലോ പച്ചപ്പിന്റെ മാസ്മരികതയല്ലേ..മലമുകളിൽ നിന്നും ആരംഭിച്ചു താഴെ തടാക താഴ്വരയോളം നീളുന്ന, ഒരേ തരത്തിൽ വെട്ടിയൊരുക്കിയ പോലെയുള്ള തേയിലച്ചെടികളുടെ നിരകൾ, ഇടയ്ക്കു പണിയെടുക്കുന്നവർക്കുവേണ്ടിയുള്ള ലയങ്ങൾ, അതൊക്കെ മനസ്സിനെ കുളിരണിയിക്കുന്നു...
എല്ലാം ആസ്വദിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല കൂട്ടത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിശപ്പിന്റെ വിളികളും എത്തി... മണി മൂന്നിനോടടുത്തിരിക്കുന്നു..മുരുകണ്ണൻ കട അടച്ചിട്ടു പോകുന്നതിനു മുന്നേയെങ്കിലും എത്തണം, അല്ലെ പട്ടിണി🤭. പൊടിപടലം നിറഞ്ഞ റോഡിൽ ഉള്ള യാത്ര അതി കഠിനമെങ്കിലും പോയതിനെക്കൾ വേഗം തിരികെയെത്തി..അല്ലപിന്നെ..മുന്നേ ഓർഡർ കൊടുത്തത് കൊണ്ട് വന്നു കൈകഴുകി നേരെ ടേബിളിൽ.. ഒന്നും നോക്കിയിയില്ല നല്ല ചൂട് ചോറ് വിത്ത് ചിക്കൻഫ്രൈ, കൂട്ടിയങ്ങ് ഒരുപിടി.. ആ ഭാഗം അങ്ങ് ക്ലിയർ...ശേഷം മേഘമലയോടും, ഹൈവേയ്സ് ഓരങ്ങളോടും മനസ്സില്ലാമനസ്സോടെ വിടപറഞ്ഞു തിരികെ...
ഇനിയുമുണ്ട് ഇവിടൊക്കെയും നമ്മെ കാത്തിരിക്കുന്ന കൊതിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണുവാൻ..നേരം നമുക്കുവേണ്ടി മാറ്റപ്പെടുന്ന മറ്റൊരുവേളയിൽ അവയിലേക്കെത്തിപ്പെടുവാൻ നാം വീണ്ടും യാത്ര തുടർന്നുകൊണ്ടേയിരിക്കും....
✍️B Moh'd Ashraf







🥰
ReplyDeleteThanku❤️
Delete