ഏറെ നാളത്തെ ആഗ്രവും കാത്തിരിപ്പും ആയിരുന്നു ഹൈദരാബാദ്. എങ്ങനെ പോകണണം എപ്പോൾ പോകണം എന്നൊന്നും ഒരു നിശ്ചയവുമില്ലായിരുന്നു. എങ്കിലും പ്രതീക്ഷകളെ കൈവിടാതെ ആഗ്രഹം മനസ്സിൽ കോറിയിട്ടിങ്ങനെ നടന്നു. എന്നെങ്കിലും നടക്കുമായിരിക്കും. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും, ചാലൂക്യ, വിജയ സാമ്രാജ്യ, നൈസാമുകളും മുഗൾ രാജവംശം ഉൾപ്പെടെ അരങ്ങുവാണിരുന്ന, അടക്കിപ്പിടിച്ചിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള നഗരം.
അങ്ങിനിരുന്നപ്പോൾ ദാ, സ്വിച്ചിട്ടതുപോലെ ഉറ്റസുഹൃത്തായ സിയാദ് ‘അളിയാ ഒരു ഹൈദരാബാദ് ട്രിപ്പ് വിട്ടാലോ. .?“ ങേ ...മനസ്സിൽ ആയിരം നക്ഷത്രങ്ങൾ പൂവിട്ടുപൊന്തി..പലപ്പോഴും ഞങ്ങൾ അതിനെക്കുറിച്ചു ചർച്ചിച്ചതൊന്നും വിജയക്കൊടി കണ്ടിട്ടില്ലാത്തതിനാൽ വീണ്ടും ഒന്നുകൂടി എടുത്തു ചോദിച്ചു. .. ഉള്ളതാണോടെ...? നിജമാ ..എന്നാൽ പോയേക്കാം എന്ന് ഡബിൾ ഓക്കേ പഞ്ചിട്ടു..അതും ബൈ റോഡ് കാറിൽ ..ഓക്കേ സെറ്റ് മച്ചാനെ ..
കുമിളി വഴി വണ്ടി ചുരമിറങ്ങി തമിഴന്റെ മണ്ണിലേക്ക് കാലെടുത്തു വെച്ചപ്പോൾ, ആഹാ നീണ്ടുനിവർന്ന് സുന്ദരമായ റോഡുകൾ. വണ്ടി നൂറിൽ പറന്നു. തേനി എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു. പക്കത്തിലെ ഒരു ഹോട്ടൽ പാത്താച്ച്. .കേറി നല്ല ചൂട് പൊറോട്ടയും ചിക്കനും തട്ടിയിട്ട് യാത്ര തുടർന്നു.
ഉറക്കം എപ്പോ വരുന്നോ അപ്പോൾ എവിടേലും സൈഡാക്കിയോ, റൂം എടുത്തോ ഉറങ്ങാൻ ആണ് പ്ലാൻ. കുറച്ചെങ്കിലും ഉറങ്ങണം. അല്ലേൽ ഡ്രൈവിങ്ങിൽ പണി പാളും എന്ന് അറിയാവുന്നത് കൊണ്ട് അത് വിട്ടൊരോ കളിയില്ല...ഇവനോട് അപ്പഴേ പറഞ്ഞതാ, നൈറ്റ് ഫുഡ് കുറച്ചേ കഴിക്കാവൂ ..ഉറക്കം പെട്ടന്ന് വരുമെന്ന്. ആഹ്. കേട്ടില്ല. ദേ സേലം എത്തിയപ്പോൾ നല്ല ഉറക്കത്തിന്റെ അസ്ക്കിത രണ്ടെണ്ണത്തിനും. ..പിന്നെ റൂം തപ്പൽ ആയി. അങ്ങനെ ഒരു വയ്യാവേലി സ്റ്റേ എടുത്തു. ഇനി വേറെ നോക്കേണ്ട..ഇവിടെ കൂടാം..രാത്രി രണ്ടുമണിയായി ഇവിടെത്തിയപ്പോൾ. കിടന്നുറങ്ങിയ റൂം ഓണറെ കുത്തിപ്പൊക്കി റൂം എടുത്തു പോയി മറിഞ്ഞു. മര്യാദക്ക് ഉറങ്ങാൻ വേണ്ടിയാണ് എയർകണ്ടിഷൻ ഉള്ളത് നോക്കി എടുത്തത്. ആ പഷ്ട്. ആ AC ന്റെ ശബ്ദം കൊണ്ട് ഉള്ള ഉറക്കം പോയിക്കിട്ടി എന്ന് പറഞ്ഞാൽമതി. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ....
ഇതാണ് ആ സ്റ്റേ. ..എന്റെ പൊന്നോ. വെറുത്തുപോയി ...
പിറ്റേന്ന് രാവിലെ 8:00 മണിക്ക് തന്നെ റെഡി ആയി ഇറങ്ങി. അല്ലേൽ ലക്ഷ്യം എത്തില്ല. ചില്ലറ ദൂരം അല്ല മുന്നിൽ ഉള്ളത്. ഇനി നേരെ ബാംഗ്ലൂർ പിടിക്കണം. അങ്ങനെ map എടുത്തു നോക്കിയപ്പോഴാ പോകുന്ന റൂട്ട് ചെറുതായി ഒന്ന് തിരിച്ചുവിട്ടാൽ, മുന്നേ ബക്കറ്റ് ലിസ്റ്റ് ചെയ്ത ഒരു സ്ഥലം കൂടി കണ്ടുപോരാല്ലോ...അതാണ് ഗണ്ടികോട്ട..ആള് ചില്ലറക്കാരൻ ഒന്നുമല്ല. വല്യ ചരിത്രമുള്ള സ്ഥലം കൂടിയാണ്...എന്നാൽ അതുവഴി വണ്ടി ഒന്നു ചെറുതായി വഴി തിരിച്ചുവിടേണ്ടി വരും..map സെറ്റ് ചെയ്തു നോക്കിയപ്പോൾ എത്തിച്ചേരുന്ന സമയം വൈകിട്ട് 4:30 മണി. എങ്കിലും വേണ്ടില്ല..! ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിൽ ആണ് ഈ ഗണ്ടികോട്ട ഉള്ളത്. ഏതാണ് 430 km അടുത്തുണ്ട്. ഇതിനിടയിൽ രാവിലത്തെ ഭക്ഷണം കഴിക്കണം. ഉച്ചക്ക് വല്ലോം കഴിക്കണം. അങ്ങനെ വരുമ്പോൾ വീണ്ടും സമയം വൈകും. ഇപ്പോ നിക്കുന്നിടത്തു നിന്നും 9 മണിക്കൂറിൽ കൂടുതൽ യാത്രയും ഉണ്ട്. അങ്ങനെ ബാംഗ്ലൂർ ടൗൺ ഒഴിവാക്കി നേരെ ലക്ഷ്യസ്ഥാനത്തേക്ക് പോകാം എന്നുറപ്പിച്ചു. അതെ മാർഗ്ഗം ലക്ഷ്യത്തെ സധൂകരികരിക്കും എന്നാണല്ലോ .. എന്തായാലും ഇരുട്ട് വീഴുന്നതിനു മുന്നേ അവിടെ എത്തണം. അസ്തമയം കഴിഞ്ഞ് അവിടെ എത്തിയിട്ട് കാര്യമില്ല. കാരണം സൂര്യോദയവും അസ്തമയവും ആണ് അവിടെ കിടിലം. ആ സമയത്തെ ഫ്രെയിം അസാധ്യമാണ്. ഫോട്ടോ ഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് അവിടം. കൂടാതെ ചരിത്ര ശേഷിപ്പുകളും.
പോകുന്ന വഴിയിൽ ഏതോ എവിടെയോ ഒരു വെജ്: ഹോട്ടൽ കണ്ടു വണ്ടി നിർത്തി. നല്ല പൂരിമസാല വിത്ത് വട. റൊമ്പ പ്രമാദം... സാപ്പിട്ടാച്ച്. .നേരെ ബാംഗ്ലൂർ ഔട്ടർ പിടിച്ചു ഹൈവേ കട്ട് ചെയ്ത് വേറെ ഏതോ ഒരു റോഡിൽക്കൂടി പോയി. ചെറിയ റോഡ് ആണെങ്കിലും നല്ല റോഡായിരുന്നു. വളരെ തിരക്ക് കുറവും ഉണ്ടായതിനാൽ വല്യ ട്രാഫിക് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. അപ്പോഴാണ് മറ്റൊരു നഗ്നസത്യം മനസ്സിലായത്. ഈ പോകുന്നവഴിയാണ് ശ്രീ സത്യസായി ബാബയുടെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന പുട്ടപ്പർത്തി എന്ന സ്ഥലമുള്ളത്. പോകുന്നവഴിയല്ലേ. നമുക്ക് ഒന്നു ചുറ്റിവരാം എന്ന് പറഞ്ഞു. ഇനി ആര് എന്ന് വരാനാ ഇവിടൊക്കെ.
സത്യസായി ഇന്സ്ടിട്യൂട്ടിലേക്ക് പോകുന്ന കവാടം
ഒരു താലൂക്ക് തന്നെ സായി ബാബയുടെ പേരിൽ ആണ്. അവിടെയുള്ള സകലമാന ബോഡുകളും കമാനങ്ങളും ഗേറ്റുകളിലും എല്ലാം സായിബാബയുടെ പടം ആലേഖനം ചെയ്തിട്ടുണ്ട്. ശെരിക്കും അദ്ദേഹം ഈ നാടിന് ചെയ്ത സംഭാവനകൾക്കുള്ള ആദരം കൂടിയാണ് ഇതെല്ലാം. അധികം കൂടുതൽ സമയം ഇവിടിങ്ങനെ കറങ്ങാൻ പറ്റില്ല വൈകുന്നേരത്തിന് മുന്നേ ഓടിയെത്തേണ്ടതാണ്. എന്നാൽ ഇവിടെ ഇറങ്ങിയ സ്ഥിതിക്ക് ഉച്ചക്കുള്ള ആഹാരം ഇവിടെനിന്നും അങ്ങ് കഴിക്കാം എന്നുറപ്പിച്ചു. മോശം പറയരുതല്ലോ..ഒറ്റ നല്ല കടകൾ ഇല്ല. പിന്നെ കിട്ടയ കടയിൽ നിന്നും അല്പം ചവ്വൽ വാങ്ങി കഴിച്ചു. പച്ചരി ചോർ രസം തൈര് അത്രേയുള്ളൂ..ഉള്ളത് പറഞ്ഞാൽ കേരളം വിട്ടാൽ പിന്നെ ആഹാരത്തിന്റെ കാര്യം ശോകമാണ്. ഒരു വൃത്തിയും മെനയും ഉണ്ടാവില്ല. പിന്നെ കഴിച്ചെല്ലാ പറ്റൂ. അതിനാൽ പലതും കണ്ടില്ല കേട്ടില്ല എന്നങ്ങു വെച്ചേക്കണം..അല്ല പിന്നെ. വരുന്നവഴിക്കെല്ലാം നല്ല രീതിയിൽ വലിയ റോഡുകൾ പണിയുന്നുണ്ട്. ഭാവിയിൽ ഇനി അഥവാ ഇതുവഴിയെങ്ങാനും വരുവാണേൽ ആ റോഡിലൂടെ വരാം.
ആന്ധ്രാപേദേശിന്റെ ഗ്രാമാന്തരങ്ങളിൽ
പിന്നെയും ഓട്ടം. ഗ്രാമ വീഥികലൂടെ കൃഷിപ്പാടകളും കണ്ടിങ്ങനെ വിശാലമായ പ്രേദേശത്തൂടെ വണ്ടി പൊക്കോണ്ടിരുന്നു. ആളോ ആൾതാമസമോ എന്തിന് ഒരു പട്ടിക്കുഞ്ഞിനെപ്പോലും കാണാൻ കിട്ടുന്നില്ല. വിജനമായ വീഥികൾ കണ്ണെത്താദൂരം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ. ഇപ്പോ ഞങ്ങൾ ആന്ധ്രാപ്രദേശ് എന്ന വലിയയൊരു സംസ്ഥാനത്തിന്റെ ഉള്ളേരിയയിൽ കൂടിയാണ് പൊക്കൊണ്ടിരിക്കുന്നത്. ഇടക്ക് ഓരോ ചായ കുടിച്ച് ഉന്മേഷമൊക്കെ വരുത്തി കുറച്ചു റസ്റ്റ് ഒക്കെ എടുക്കും. ഇവിടത്തെ ചായയാണ് രസം. ചെറിയൊരു പേപ്പർകപ്പ്. ഏതാണ്ട് 100 ml കാണും. മഹാരാഷ്ട്ര ഈ സെയിം അവസ്ഥയാണ്. നല്ല ചൂട് ചായ ഇത്തിരിപോന്ന കപ്പ് ആയാലും സംഗതി കൊള്ളാം. ചൂട് ചായ വലിയ ഫ്ലാസ്കിൽ നിറച്ചുവെക്കും. അതാണ് ഇവിടെയെല്ലാം..രണ്ടെണ്ണം കുടിച്ചാൽ നമുക്കൊരു ചായ ആവൂ. അല്ലാതെ നമ്മുടെ നാട്ടിലെത് പോലെ ലൈവ് ആയി അടിക്കുന്ന തേയില സഞ്ചി പരിപാടി സെറ്റപ്പ് ഒന്നുമില്ല. ആവോളം ഉന്മേഷമൊക്കെ നിറച്ചു വീണ്ടും യാത്ര ഗണ്ടികോട്ട ലക്ഷ്യമാക്കി നീങ്ങി.
വൈകിട്ട് 5:45 ആയി കോട്ടക്കുള്ളിൽ കയറിയപ്പോൾ. പ്രതീക്ഷക്കപ്പുറം സൂര്യൻ നമ്മളെ ചതിച്ചു. നല്ല മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാൽ ആ പ്രതീക്ഷയും പോയിക്കിട്ടി. ലൈറ്റ് പോയതിനാൽ ഫോട്ടോയിൽ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. എങ്കിലും കോട്ടയുടെയും ‘പെന്ന’ നദീതീരത്തുള്ള ആ അടുക്കിവെച്ചേക്കുന്നപോലുള്ള പാറക്കെട്ടുകളുടെ സൗന്ദര്യം നേരിൽ കാണുക തന്നെവേണം. എവിടെ വെച്ചാലും നല്ല കിടു ഫ്രെയിം കിട്ടുന്ന ഈ സ്ഥലം സഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്. അതേപോലെ തന്നെ ഒട്ടേറെ ചരിത്രപ്രധാന്യം കൂടിയുണ്ട് ഗണ്ടികോട്ടക്ക്. കൂടുതൽ ചരിത്രം പറയാൻ നിന്നാൽ ഹൈദരാബാദ് എത്തില്ല. അതിനാൽ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചിട്ട് ഹൈദരാബാദിലേക്ക് യാത്ര തുടർന്നു.
പ്രധാന കാവാടം ഗണ്ടികോട്ടയുടെ
ഇനിയും ഇവിടെ നിന്നും ഏതാണ്ട് ഒരു 400 km ദൂരം ഉണ്ട് ഹൈദരാബാദിലേക്ക്. ഇന്നത്തെ രാത്രി ഓടി എത്തണം, എങ്കിൽ മാത്രമേ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കൂ. ചെറിയ റോഡിൽ നിന്നും ഇറങ്ങി ഹൈവേ പിടിക്കണം. NH44 ൽ കേറിയാൽ മാത്രമേ വിട്ടുപോകാൻ പറ്റൂ. NH44 എന്നുപറഞ്ഞാൽ അങ്ങ് കന്യാകുമാരി മുതൽ കശ്മീരിലെ ശ്രീനഗർ വരെ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ ആണ്. ഏതാണ്ട് ഇന്ത്യമാഹാരാജ്യത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അതി വിശാലമായ റോഡ്. ഏതൊക്കെയോ വഴികളിൽ കൂടി അവസാനം എൻ എച്ച് കിട്ടി. ഹാവൂ ആശ്വാസം. ഒരു റെസ്റ്റോറന്റ്ൽ കയറി ബട്ടർ നാനും ചിക്കൽ കോലാപ്പുരിയും തട്ടിയിട്ട് നേരെ ഹൈദരാബാദിലേക്ക് ....
പുലർച്ചെ 3:30 തിന് ഹൈദരാബാദിൽ എത്തി. ആ സമയവും നഗരം ഉണർന്നിരിക്കുന്നു. വളരെ അതിശയം തോന്നി. നമ്മുടെ കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും ഈ സമയം ഒക്കെ അത്ര കണ്ട് ഓൺ അല്ല. ടൗണിൽ അടുത്തുള്ള ഒരു സ്റ്റേ ഒക്കെ സെറ്റ് ആക്കി നല്ല ഒന്നുറങ്ങണം, അതാണ് അത്യാവശ്യം രാത്രിയിൽ മുഴുവൻ ഡ്രൈവിംഗ് ആയിരുന്നതിനാൽ ഇനി റസ്റ്റ് മുഖ്യം. രാവിലെ ഒരു 9:00 മണി വരെ കിടന്നുറങ്ങി. ഇന്ന് രണ്ടുമൂന്നു പ്ലാൻ ആണ്. ചാർമിനാർ, ഹൈദരാബാദി ബിരിയാണി, ഫിലിംസിറ്റി. ഒറ്റ ദിവസം കൊണ്ട് എല്ലാം തീർക്കാൻ പാടാണ് എങ്കിലും തീർത്തെ മതിയാകൂ. അല്ലെങ്കിൽ ദിവസങ്ങൾ കൂടും. അധികം ദിവസങ്ങൾ കളയാൻ ഇല്ല. തിരികെ പോകണം. അങ്ങനെ കൊറേകാര്യങ്ങൾ. രാവിലെ തന്നെ ചാർമിനാർ പോയി.
മനസ്സിൽ കുറെയേറെ സങ്കൽപ്പങ്ങളുമായിട്ടാണ് ചാർമിനാർ എന്ന ചരിത്ര സ്മാരകത്തിന്റെ അരികിൽ പോയത്. അവിടെ എത്തിയപ്പോൾ വളരെ ദയനീയ അവസ്ഥയാണ് തോന്നിയത്. എങ്ങനെ ഒരു ചരിത്രസ്മാരകത്തിനെ നശിപ്പിക്കാം എന്ന് നമുക്ക് കാട്ടിത്തരുന്നു. ഇത്രയും ചരിത്രപ്രസിദ്ധിയുള്ള ഒരു സ്മാരകം അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നു. മര്യാദക്ക് ഒന്നും അതിന്റെ ഭംഗി ആസ്വദിക്കാൻ പോലും സമ്മതിക്കാതെ പ്രാദേശിക കച്ചോടക്കാർ അവിടം പൊതിഞ്ഞിരിക്കുന്നു. വേസ്റ്റ്കളാൽ അവിടം പരിസരം വൃത്തിഹീനമായിരിക്കുന്നു. ചാർമിനാർ ന് വളരെ ചരിത്രപരമായ മൂല്യങ്ങൾ ഉണ്ട്. നല്ല ഒന്നാന്തിരം കൊത്തുപണികളാൽ ഒരു ഇൻഡോ ഇസ്ലാമിക് വസ്തുവിദ്യയാണ് ഈ കെട്ടിടം. നാലാവഴിക്കുനിന്നും നോക്കിയാൽ ഒരുപോലെ കാണപ്പെടുന്ന പ്രത്യേകതയും ഉണ്ടിതിന്. ഹാ. .പറഞ്ഞിട്ടെന്ത് കാര്യം. ഒരുവേള ഹൈദരാബാദിന്റെ ഹൃദയം ആയിരുന്നു ചാർമിനാർ..
അടുത്ത കടമ്പ എന്നുള്ളത് ഇനി ഹൈദരാബാദി ബിരിയാണി കഴിക്കൽ ആണ് പ്രധാനം. അതിനൊരു കാരണം ഉണ്ട്. പല സ്ഥലത്തുനിന്നും ഇതിന്റെ പേരും പറഞ്ഞു പല കടക്കാരും പറ്റിച്ചിട്ടുണ്ട്. അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഹൈദരാബാദിൽ തന്നെ പോയിക്കഴിച്ചു ഇതിന്റെ ടേസ്റ്റ് അറിയണം എന്ന്. ഇന്ന് അത് നടത്തും. അതിനായി സ്വദിഷ്ടമായ ഹൈദരാബാദി ബിരിയാണി കിട്ടുന്ന സ്ഥലം തപ്പിയെടുത്തു. അടുത്തുള്ളവരോട് ചോദിച്ചപ്പോൾ “Pista House” ൽ നല്ല സൂപ്പർ ബിരിയാണി കിട്ടും എന്നറിയാൻ കഴിഞ്ഞു. വളരെ ദൂരത്തൊന്നും പോകണ്ട, ചാർമിനാറിന്റെ അടുത്തുതന്നെ അവരുടെ ഒരു ഷോപ്പ് ഉണ്ട് . അങ്ങനെ സാക്ഷാൽ “ഹൈദരാബാദി ബിരിയാണി”കഴിക്കാൻ ഹൈദരാബാദിൽ തന്നെ വന്നു. ആഹ്..അടിപൊളി ടേസ്റ്റ്. ഈ ടേസ്റ്റിൽ എങ്ങുനിന്നും ഇതേവരെ ബിരിയാണി കഴിച്ചിട്ടില്ല...സൂപ്പർ ഒരു രക്ഷയുമില്ല. 459 രൂപക്ക് രണ്ടുപേർക്ക് കഴിക്കാനുള്ള മട്ടൻ ബിരിയാണിയാണ് ഓർഡർ ആക്കിയത്. നല്ല ക്വാണ്ടിറ്റി ഉണ്ടായിരുന്നു. കഴിച്ചുതീർക്കാൻ വയ്യാതെ ബാക്കിയുള്ളത് പാർസൽ വാങ്ങി. ഈ അവസരത്തിൽ ആണ് ഡിണ്ടിഗൽ തലപ്പക്കട്ടി ബിരിയാണിയെ ഒരു പുച്ഛത്തോടെ സ്മരിച്ചുപോയത്. 400 കൊടുത്താൽ ഒരാൾക്ക് മാത്രം കഴിക്കാൻ പറ്റുന്ന ബിരിയാണിയൊക്കെ ഇതിന്റെ ഏഴ് അയിലത്ത് വരില്ല. ഇപ്പോ ഏതാണ്ട് കാര്യങ്ങൾ മനസ്സിലായില്ലേ. അതാണ്...
അടുത്തലക്ഷ്യം റാമോജി ഫിലിം സിറ്റി ആണ്. ഹൈദരാബാദിൽ പ്രധാന ഒരു ടൂറിസ്റ്റ് സ്പോട്ട് ഫിലിം സിറ്റി ആണ്. ഈ നാടിന്റെ പ്രതിച്ഛയായ തന്നെ മാറ്റിയത് ഈ ഫിലിം സിറ്റിയാണ്. ഏതാണ്ട് 2000 ഏക്കറിൽ വിശാലമായി നിർമ്മിച്ചെടുത്ത ഈ ഫിലിംസിറ്റി ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളുടെ നിർമ്മാണത്തിൽ നിർണ്ണായ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ സിനിമകളുടെ ഷൂട്ടിങ് സെറ്റുകൾ അതേപോലെ നിലനിർത്തിയിട്ടുണ്ട്. ഓരോന്നും മാസങ്ങളുടെയും വർഷങ്ങളുടെയും കഷ്ടപ്പാടിൽ അണിയിച്ചൊരുക്കിയവയാവാം. ഒരാൾക്ക് 1711 രൂപയാണ് ഫിലിംസിറ്റി പാസ്സ്.
ടിക്കറ്റ് എടുത്തു അവരുടെ തന്നെ വാഹനത്തിൽ അതിനുള്ളിലേക്ക് നമ്മളെ കൊണ്ടുപോകും. പിന്നീട് കാഴ്ചകളുടെ വസന്തമാണ്.
പല സിനിമകളിലും നമ്മൾ കണ്ട സീനിലെ സ്ഥലങ്ങൾ നമുക്ക് ലൈവ് ആയി കാണാൻ സാധിക്കും. ഒരു സ്പോട്ട് തന്നെ ചില മേക്ക്ഓവർ നടത്തിയാൽ അത് വേറെ പടത്തിലെ ലൊക്കേഷൻ ആയി മാറും. ഇവിടെ ഇപ്പോഴും ഹൈലൈറ്റ് ആയി തിളങ്ങി നിൽക്കുന്നത് ബാഹുബലിയുടെ ലൊക്കേഷൻ ആണ്. മഹിഴ്മതി കൊട്ടാരത്തിൽ കയറിയ അതെ പ്രതീതി. ആ സൈറ്റ് തന്നെ പണിയാൻ എത്രമാത്രം ചിലവ് ഉണ്ടായിക്കാണും. അതൊക്കെകൊണ്ടാവാം ചിത്രം ബിഗ് ബഡ്ജറ്റിലേക്ക് പോയിട്ടുള്ളത്.
മിക്കവാറും ഹിന്ദിപടങ്ങളുടെ സ്ഥിരം ഏരിയ ഇത് തന്നെ. മുംബൈ സ്ട്രീറ്റും മുഗൾ കൊട്ടാരങ്ങളും,ലണ്ടൻ വില്ലേജും, ഡാൻസ് ഹാളുകളും (പാർട്ടി സോങ്) എല്ലാം ഇവിടുണ്ട്.
ഫിലിംസിറ്റിയാണെങ്കിലും ഉള്ളിൽ നല്ലൊരു ബട്ടർഫ്ളൈ പാർക്കും പെറ്റ്സ് അനിമൽസ് പലതരം കിളികൾ എല്ലാം ഉൾക്കൊള്ളുന്നൊരു ഉദ്യാനവും ഒരുക്കിയിരിക്കുന്നു.
ഒപ്പം മൂവി മേക്കിങ് ട്രിക്ക്കുകൾ ക്യാമറ ട്രിക്കുകൾ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ അങ്ങനെ പലതും. ഒരു സംഭവം തന്നെയാണ് ഈ ഫിലിം സിറ്റി. പറ്റിയാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ശ്രമിക്കണം. ഞങ്ങൾ ഉച്ച കഴിഞ്ഞാണ് അവിടെത്തിയത്. കഴിവതും രാവിലെ തന്നെ പോകുക. കൂടുതൽ സമയം അവിടെ ചിലവഴിച്ചു ഈവെനിംഗ് മ്യൂസിക് ലൈറ്റ് ഷോ ഉൾപ്പെടെ നമുക്ക് കോമ്പ്ലിമെന്ററി ആയി കിട്ടും. ഇഷ്ട്ടംപോലെ റസ്റ്റോറന്റുകൾ അകത്തുണ്ട്. ഒരുപാട് വറൈറ്റി ഫുഡും കിട്ടും. അതിനൊക്കെ സെപ്പറേറ്റ് ക്യാഷ് കൊടുത്തു നമുക്ക് വാങ്ങിക്കഴിക്കാം. ഏതാണ്ട് 7:00 മണി വരെ അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ മടങ്ങി.
അങ്ങനെ ഹൈദരാബാദ് എന്ന ബക്കറ്റലിസ്റ്റ് വെട്ടി അടുത്ത മേച്ചിൽപുറങ്ങൾ തേടി...
യാത്രകൾ തുടരുന്നു....
©️𝒶𝓈𝒽𝓇𝒶𝒻 𝓉𝒽ℯ 𝓉𝓇𝒶𝓋ℯ𝓁ℯ𝓇































